തിരുവനന്തപുരം: മധ്യകേരളത്തിലെ മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമായ ശബരി റെയിൽ പാത നിർമാണം ഇഴയുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണാനുമതി നല്കി സ്ഥലമെടുപ്പ് നടപടികളിലേക്കു കടന്ന 3,800 കോടിയുടെ അങ്കമാലി ശബരി റെയില്‍വേ പദ്ധതിയില്‍ റവന്യു വകുപ്പിന്റെ മെല്ലെപ്പോക്ക് കാരണം വേഗം കുറയുകയാണ്. ശബരി റെയിൽവേ സ്ഥലമെടുപ്പ് ഓഫിസുകൾ ആരംഭിക്കാനുള്ള ഫയലിൽ തീരുമാനം വൈകുന്നതാണ് നിലവിലെ പ്രതിസന്ധി.
പുതിയ സ്ഥലമെടുപ്പ് ഓഫിസുകളും തസ്തികകളും അനുവദിക്കാതെ നിലവിലുള്ള സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാർ ഓഫിസുകളിൽ ചിലത് ശബരി റെയിൽവേയ്ക്ക് വേണ്ടി മാറ്റി സ്ഥാപിക്കാനുള്ള ധനകാര്യ- റവന്യൂ വകുപ്പുകളുടെ നിർദേശത്തിനോട് ലാൻഡ് റവന്യു കമ്മിഷണർ മുൻപ് വിയോജിച്ചു റിപ്പോർട്ട് നൽകിയിരുന്നു. ശബരി റെയിൽവേയ്ക്കു വേണ്ടി പുതിയ സ്ഥലമെടുപ്പ് ഓഫിസുകൾ അനുവദിക്കുകയോ സ്ഥലമെടുപ്പ് പൂർത്തിയായ ദേശീയപാത 66ന്റെ ഓഫിസുകൾ മാറ്റിസ്ഥാപിക്കുകയോ ചെയ്യാനുള്ള തീരുമാനം എടുക്കേണ്ടത് റവന്യു വകുപ്പാണ്.
റവന്യുവകുപ്പ് തീരുമാനം തയാറാകാത്തതാണ് പദ്ധതി വൈകാൻ കാരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1900 കോടി രൂപ സംസ്ഥാന വിഹിതമായി കിഫ്ബിയിൽ നിന്ന് അനുവദിക്കാനുള്ള ഭരണാനുമതിക്കു പിന്നാലെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായി റെയില്‍വേ കടന്നുപോകുന്ന ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിന് ഗതാഗത വകുപ്പ് ഉത്തരവിറക്കുകയും അംഗീകരിച്ച അലൈന്മെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ റവന്യു അധികൃതര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഗതാഗത വകുപ്പിന് വേണ്ടി അഡീഷണല്‍ സെക്രട്ടറി കെ.എസ് വിജയശ്രീയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ ഓഫിസുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. പുതിയ സര്‍ക്കാര്‍ വന്നതിനു പിന്നാലെ പദ്ധതി സംബന്ധിച്ച നയ തീരുമാനവും സ്ഥലമെടുപ്പ് ഓഫിസുകൾ മാറ്റിസ്ഥാപിക്കാനുള്ള സാധ്യതകളും തേടി റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ ഫയല്‍ ഗതാഗതവകുപ്പിലേക്കും ലാൻഡ് റവന്യു കമ്മിഷണർക്കും അയച്ചിരുന്നു.
എന്നാൽ തീരുമാനമൊന്നുമായിട്ടില്ല. സ്ഥലമെടുപ്പ് ഓഫിസുകൾ ആരംഭിക്കുന്നത് ഇനിയും വൈകിയാൽ കിഴക്കൻ കേരളത്തിലെ ഗതാഗത വികസനത്തിന് ഉത്തേജനം നല്കുമായിരുന്ന ഒരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതി സംസ്ഥാനത്തിന് നഷ്ടമായേക്കും.
ആദ്യഘട്ടം നീളം: 111.48 കിലോമീറ്റർ
സ്റ്റേഷനുകൾ: 14 (അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി).
ലക്ഷ്യം: ശബരിമല, ഭരണങ്ങാനം തീർഥാടകർക്കും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ജനങ്ങൾക്കും പൈനാപ്പിൾ, സുഗന്ധ വ്യഞ്ജനങ്ങൾ, പ്ലൈവുഡ് പോലുള്ള കാർഷിക വ്യാവസായിക ഉത്പന്നങ്ങൾക്കും ഇടുക്കിയിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഗോഡൗണിലേക്കും മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കുക.